Sunday, March 13, 2016

വീടുവായ്പയും തിരിച്ചടവും

വീടുനിർമ്മിക്കാൻ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി കുടുങ്ങിപ്പോകുന്നവരെക്കുറിച്ച് എന്നും നമ്മൾ വായിക്കുന്നു. മനുഷ്യരുടെ, പ്രത്യേകിച്ചു മലയാളികളുടെ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട്. വലിയ ചെലവു വരുന്ന ഏർപ്പാടുതന്നെയാണ് വീടു നിർമ്മാണം. ജീവിതത്തിൽ മിക്കവരും ഒരേ ഒരു വീടേ നിർമ്മിക്കുകയുള്ളു. എല്ലാ സൗകര്യവും വേണം. നാലാൾ കണ്ടാൽ മോശം പറയരുത്. കുടുംബാംഗങ്ങൾക്കെല്ലാം മുറികൾ വേണം, അങ്ങനെയങ്ങനെ. പത്തുലക്ഷം രൂപ ചെലവു വരുന്നൊരു വീടുണ്ടാക്കാൻ പദ്ധതിയിട്ടു, അതും ഇതും എല്ലാം സ്വരുക്കൂട്ടി അഞ്ചാറു ലക്ഷം ഒപ്പിച്ചു, ബാങ്കിൽ ചെന്ന് രണ്ടുലക്ഷം വായ്പയും ശരിയാക്കി, വീടുപണി തുടങ്ങി. പത്തുലക്ഷം തീർന്നു, തറയുടെ, മരത്തിന്റെ, പെയിന്റിന്റെ പണികൾ എല്ലാം ബാക്കിയുണ്ട്. അവിടുന്നും ഇവിടുന്നും കൈവായ്പ വാങ്ങി ഒരുതരത്തിൽ പണിതീർത്ത് കയറിക്കൂടി.

വായ്പ കൊണ്ടുള്ള ഗുണം.
താമസിക്കുന്നത് വാടകയ്ക്ക് ആണെങ്കിൽ സ്വന്തം വീടിലേക്ക് മാറുന്നതോടെ വാടക ഇനത്തിൽ ചെലവഴിച്ചത് വീടുവായ്പ്പയിലേക്ക് മാറ്റാം. നേരത്തെ പണിതാൽ വർഷം തോറും ഉയരുന്ന പണിക്കൂലിയുടെയും സാധനങ്ങളുടെ വിലവർദ്ധനയും മറികടക്കാം. ഏതെങ്കിലും സ്ഥിരവരുമാന-ശമ്പളമുള്ളവരാണെങ്കിൽ തിരിച്ചടവ് വലിയ ഒരു പ്രശ്നം കൂടാതെ നടക്കും. സർക്കാർ/പൊതുമേഖല/സ്വകാര്യമേഖലകളിലെ മികച്ച ശമ്പളമുള്ളവർക്ക് വീടുവായ്പ വലിയ ഗുണമാണ്. മാസശമ്പളത്തിൽ നിന്നും അടഞ്ഞുപൊയ്ക്കൊള്ളും. വായ്പയുടെ തിരിച്ചടവും പലിശയും വരുമാനനികുതിയിളവിനും ഉപയോഗിക്കാം.

കണക്കുകൾ
ഒരു ലക്ഷം രൂപ നിങ്ങൾ ഒരു ബാങ്കിൽ നിന്നും വീടുവായ്പ്പയെടുത്താൽ ഇരുപതു വർഷം തിരിച്ചടവു കാലാവധിയാണെങ്കിൽ ഒരു മാസം (10.5% നിരക്കിൽ) മാസം 998 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. അതു താഴെക്കാണുന്നതുപോലെയാവും. (ആദ്യത്തെ 30 മാസമേ കാണിച്ചിട്ടുള്ളൂ.)


സംഭവം കൊള്ളാം. ഒരു ലക്ഷത്തിന് ആയിരത്തിൽ താഴെയേ മാസം അടയ്ക്കേണ്ടൂ. പതിയെ ആണെങ്കിലും മുതൽ കുറയുന്നുമുണ്ട്. സാധാരണയ്ക്ക് വീടുവായ്പ്പയ്ക്ക് തിരിച്ചടവുതുടങ്ങാൻ ഒന്ന്-ഒന്നര വർഷം ബാങ്കുകൾ നൽകാറുണ്ട്. ആ കാലയളവിലെ പലിശ കൂടി മുതലിൽ ചേർക്കാനും ബാങ്കുകാർക്കു വിരോധമില്ല. മുകളിൽ പറഞ്ഞ കേസിൽ നമുക്ക് അങ്ങനെയൊന്നു ചിന്തിക്കാം. ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചടവു തുടങ്ങുമ്പോൾ അതുവരെയുള്ള പലിശകൂടി മുതലിൽ ചേർത്താൽ 10.5% വച്ച് 10500 രൂപ കൂടി കൂട്ടി 19 വർഷം കൊണ്ട് തിരിച്ചടയ്ക്കണമെങ്കിൽ താഴത്തെ പട്ടിക പോലെയാവും.
ഇതിൽ നിന്നും എന്തു മനസ്സിലാവും? തിങ്ങൾ വായ്പ അടച്ചുതുടങ്ങി 54 -ആം മാസത്തിൽ, അഞ്ചാം വർഷമാണ് ഒരു രൂപ മുതലിൽ കുറഞ്ഞത്. അതു വരെ നിങ്ങൾ എത്ര അടച്ചു? 1121 X 53 = 59413. ഒരു ലക്ഷം രൂപ വായ്പ്പയെടുത്ത് അഞ്ചു കൊല്ലം കൊണ്ട് 60000 രൂപ പലിശയടച്ചു, മുതലിൽ ഒന്നും കുറഞ്ഞിട്ടുമില്ല. ഇതാണ് ബാങ്ക് വായ്പയുടെ കാര്യം. ഇത് ചതിയല്ലേ? ഇതിൽ എവിടെയാണ് ആകർഷണീയത? എന്താണ് ലാഭം?

അഞ്ചു വർഷം വീട്ടിൽ താമസിച്ചു, ഇപ്പോൾ ഈ കാശിനു വീടു പണിയാൻ ആവില്ല. നികുതി കൊടുക്കുന്നവരാണേൽ അവിടെയും കുറച്ചു ലാഭമുണ്ടായി. യഥാർത്ഥ ലാഭം പണത്തിന്റെ മൂല്യത്തിൽ വന്ന വ്യത്യാസം കൊണ്ടുള്ള ലാഭമാണ്.  അഞ്ചു വർഷം മുൻപ് 1200 രൂപ ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് ഇന്ന് ഉണ്ടാവില്ല. ഇത്രയൊക്കെയേ ലാഭമുള്ളൂ.

ഇതെല്ലാം മനസ്സിലാക്കാം. ശരിക്കുമുള്ള കുടുങ്ങൽ ഇവിടെയല്ല. തിരിച്ചടവ് തെറ്റുമ്പോഴാണ്. ആദ്യ മാസം നിങ്ങൾ 1121 രൂപ അടയ്ക്കുമ്പോൾ 154 രൂപയാണ് മുതലിൽ ചെല്ലുന്നത്. ഒരു അടവ് തെറ്റുമ്പോൾ മുതലിൽ 7 അടവോളം കുറവുണ്ടായി. പിന്നീട് അത് ശരിയാക്കണേൽ പാടാണ്. മറ്റൊന്ന്, മൂന്നു ഗഡു കുടിശികയായാൽ ബാങ്ക് അത്തരം വായ്പകൾ കിട്ടാക്കടം എന്ന് കാറ്റഗറിയിലേക്ക് നിയമപ്രകാരം മാറ്റണം. അതിന്റെ അർത്ഥം അത് പിരിഞ്ഞുകിട്ടാത്ത വായ്പയാണ് എന്നല്ല, മറിച്ച് ഈ വായ്പ്പയിൽ നിന്നും കിട്ടുന്ന പലിശ ബാങ്കിന്റെ ലാഭത്തിൽ ഉൾക്കൊള്ളിക്കാൻ ബാങ്കിന് ആവില്ല എന്നു മാത്രമല്ല, കൃത്യമായി അടയ്ക്കുന്ന വായ്പകളിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്കും ഈ വായ്പയുടെ റിസ്കിലേക്ക് മാറ്റിവയ്ക്കേണ്ടിവരും. അത് ബാങ്കുകൾക്ക് സ്വീകാര്യമല്ല. ഓരോ സ്ഥാനത്ത് ഇരിക്കുന്നവനും തന്റെ മുകളിൽ ഉള്ളവരോട് ഇതിന് ഉത്തരം പറയേണ്ടിവരും, എന്ത് നടപടിയാണ് വായ്പ നേരെയാക്കാൻ സ്വീകരിച്ചതെന്ന്.

പല ബാങ്കുകളും കുടിശികയായ വായ്പയുടെ പലിശ നിരക്ക് ഉയർത്തും, തിരിച്ചുപിടിക്കാൻ നടപടികൾ ആരംഭിക്കും, അതിനു വരുന്ന ചെലവെല്ലാം വായ്പയിൽ ചേർക്കും. വായ്പയുടെ ബാധ്യത പിന്നെയും ഉയരും. കൃത്യമായ ഗഡു പോലും അടയ്ക്കാൻ പറ്റാത്തവന്റെ മുകളിൽ പിന്നെയും ഭാരം കൂടും.

എന്താണ് പ്രതിവിധി

ബാങ്കുകൾ എന്തു ചെയ്യാനാണ്? കാര്യമായി ഒന്നും ബാങ്കുകൾക്ക് ചെയ്യാനാവില്ല. പൊതുജനങ്ങളിൽ നിന്നും വാങ്ങുന്ന നിക്ഷേപങ്ങൾക്കും ഏതാണ്ട് വായ്പയുടെ പലിശയ്ക്കടുത്ത് പലിശയാണ് ബാങ്കുകൾ നൽകുന്നത്. ഓരോ തരം വായ്പയ്ക്കും ഈടാക്കാൻ വേണ്ടിവരുന്ന/റിസ്കുകൾക്ക് അനുസരിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നതും. (അതുകൊണ്ടാണ് വിദ്യാഭ്യാസവായ്പയേക്കാൾ  കുറഞ്ഞ നിരക്കിൽ ഡോക്ടർമാർക്ക് കാറിന് വായ്പ നൽകുന്നത്. ) അവനവന് താങ്ങാനാവുന്ന രീതിയിൽ ഉള്ള വീടു വയ്ക്കുക, കഴിയുന്നതും കുറഞ്ഞ സംഖ്യ വായ്പയെടുക്കുക. EMI എന്നാൽ മാസം തോറും അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ സംഖ്യ ആണെന്നു മനസ്സിലാക്കുക. കഴിയുമെങ്കിൽ മറ്റു പണം കയ്യിൽ വരുമ്പോൾ കൂടുതലായി ദീർഘകാല വായ്പയിലേക്ക് അടയ്ക്കുക. പലിശ കണക്കാക്കുന്നത് വായ്പയിൽ ബാക്കി നിൽക്കുന്ന സംഖ്യയ്ക്കാണ്. അതായത് കൂടുതൽ അടവു ചെല്ലുന്തോറും പലിശ കുറയും. കിട്ടാവുന്നതിന്റെ പരമാവധി വായ്പയ്ക്കാണ് മിക്കവരും ബാങ്കിലേക്ക് വരുന്നത്. ബാങ്കും പരമാവധി നൽകാനാണ് ശ്രമിക്കുന്നത്. (പണ്ടൊരു മാനേജർ ഉണ്ടായിരുന്നു, എത്ര ചോദിച്ചാലും തരും, ഇപ്പഴത്തെ ആള്, എങ്ങനെയാ വായ്പ്പാസംഖ്യ കുറയ്ക്കുന്നതെന്നാണ് ചിന്തിക്കുന്നത്, അയാൾ തീരെ പോര - ഇടപാടുകാരന്റെയും തന്റെ മുകളിലുള്ള ഉദ്യോഗസ്ഥന്റെയും അഭിപ്രായം)

(പെട്ടെന്നെഴുതിയതാണ്. കൂട്ടിച്ചേർക്കലുകൾ പിന്നീട് ഉണ്ടാവും.)



Saturday, August 20, 2011

ദേവഗിരിയിലെ ടെറന്‍സ്‌

അതിപ്രശസ്തമാണ്‌ കോഴിക്കോട്‌ ദേവഗിരിക്കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം. പണ്ട്‌ ഷേപ്പേര്‍ഡ്‌ സറൊക്കെ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളില്‍ മറ്റു കോളേജില്‍ നിന്നുവരെ ആളുകള്‍ വരാറുണ്ടെന്നു കേട്ടിട്ടുണ്ട്‌. പില്‍ക്കാലത്തും ആ പേരു നിലനിര്‍ത്തുവാന്‍ ഓരോ കാലത്തെയും അദ്ധ്യാപകര്‍ക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌. ബിരുദത്തിനു പഠിക്കുമ്പോള്‍ ഹോസ്റ്റലിലാണു ഞങ്ങള്‍ താമസിച്ചിരുന്നത്‌. ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ ഗുണങ്ങളിലൊന്ന് മറ്റുള്ളവരുടെ അദ്ധ്യാപകരെപ്പറ്റിയും അവരുടെ ക്ലാസ്സുകളെപ്പറ്റിയും കേട്ടറിയാമെന്നതാണ്‌. കുറച്ചുനാളുകളായി ഞങ്ങള്‍ കേള്‍ക്കുന്നു ടെറന്‍സ്‌ ജേക്കബ്‌ സാറിന്റെ ഇംഗ്ലീഷ്‌ ക്ലാസ്സുകളെപ്പറ്റി. പലരും പലതവണ പറഞ്ഞു. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഒന്നു പോകണമെന്ന് ഞങ്ങള്‍ക്കും തോന്നി. ശാസ്ത്രക്ലാസ്സുകള്‍ ഒഴിവാക്കിയാല്‍പോലും ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ ഞങ്ങള്‍ മുടക്കാറില്ല. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ മാഷ്‌ വരാത്ത ദിവസം ഞങ്ങള്‍ മൂന്നുപേര്‍ ടെറന്‍സ്‌ സാറിന്റെ ക്ലാസ്സിലേക്ക്‌ ചെന്നു. മുന്‍കൂട്ടി ചോദിക്കാനൊന്നും സമയവും കിട്ടിയിരുന്നില്ല. സാര്‍ വന്നു, നിറയെ കുട്ടികള്‍, അദ്ദേഹം വന്നതോടെ ആകെ നിശ്ശബ്‌ദമായ അന്തരീക്ഷം.

ടെന്നിസന്റെ യൂലിസ്സസ്‌ എന്ന കവിതയാണ്‌ സാര്‍ അന്നു പഠിപ്പിക്കുന്നത്‌. ഇത്താക്കയിലെ രാജാവാണ്‌ യൂലിസ്സസ്‌. വന്‍ വിജയം നേടിയ ലോകയാത്രയ്ക്ക്‌ ശേഷം രാജ്യത്ത്‌ തിരിച്ചെത്തിയിരിക്കുന്നു അദ്ദേഹം. ഭാര്യയോടും മകനോടുമൊപ്പം ജീവിക്കാനും രാജ്യം വീണ്ടും ഭരിക്കാനുമുള്ള അവസരം കൈവന്നിരിക്കുന്നു. പക്ഷേ, അടങ്ങിയൊതുങ്ങി ജീവിക്കുന്നത്‌ അദ്ദേഹത്തെ സംബന്ധിച്ച്‌ വ്യര്‍ത്ഥമാണ്‌. വെറും ഒരു രാജാവായി ജീവിച്ച്‌ കുറെ ആള്‍ക്കാരെ ഭരിച്ച്‌ ജീവിക്കുന്ന ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം, അദ്ദേഹത്തിന്‌ അടങ്ങിയൊതുങ്ങി ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ വയ്യ.ജീവിതം സഞ്ചരിക്കുവാനും അറിയുവാനും കീഴടക്കാനുമുള്ളതാണ്‌. സാര്‍ തുടരുകയാണ്‌. എപ്പോഴൊക്കെയോ കവിതയില്‍നിന്നും പുറത്തുകടക്കുന്നു, നമ്മുടെയെല്ലാം ജീവിതത്തെപ്പറ്റി പറയുനു, കവിതയിലേക്കു മടങ്ങുന്നു. ഈ ബിരുദം എങ്ങനെയെങ്കിലും തീര്‍ത്ത്‌ വല്ല പി.എസ്‌.സി.യോ മറ്റോ എഴുതി ഏതെങ്കിലും ഒരു ജോലി സമ്പാദിച്ച്‌ അടങ്ങിക്കൂടണമെന്നു ആഗ്രഹിക്കുന്ന വലിയ ശതമാനം വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസ്സിലാണ്‌, എല്ലാം നേടിയിട്ടും അതെല്ലാം വിട്ടെറിഞ്ഞ്‌ യാതൊരു ഉറപ്പുമില്ലാത്ത, അപകടങ്ങള്‍ പതിയിരിക്കുന അജ്ഞാതമായ ലോകത്തേക്ക്‌ പുറാപ്പെടാന്‍ വെമ്പല്‍കൊള്ളുന്ന രാജാവിന്റെ കഥ പറയുന്നത്‌. കുടുംബം, കുട്ടികള്‍, ജോലി എന്നിവയായാല്‍ എല്ലാമായി ഇനി ഒതുങ്ങിക്കൂടാം എന്നെല്ലാമാണല്ലോ സാധാരണക്കാരന്റെ മനസ്സില്‍, ഒരു പഴയപുരാണകഥാസന്ദര്‍ഭം മാഷ്‌ ഞങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയാണ്‌, എന്നാല്‍ അത്തരമൊരു ജീവിതം യുലീസ്സസ്സിനെ ആകര്‍ഷിക്കുന്നേയില്ല, വ്യര്‍ത്ഥമാണുതാനും.

സമയം കടന്നുപോകുന്നത്‌ ഒരാളും അറിയുന്നില്ല. ഒടുവില്‍ മണി മുഴങ്ങി, ക്ലാസ്സ്‌ അവസാനിച്ചു, എല്ലാവരും പോയി, ഞങ്ങള്‍ മൂന്നുപേരും തരിച്ചിരിക്കുകയാണ്‌, ഇതുവരെ കേട്ടതുപോലെയൊന്നുമല്ല, കഴിഞ്ഞ ഒരു മണിക്കൂറില്‍ കേട്ടത്‌. മാഷ്‌ പോയിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന പോലെ. എന്താണു സമ്പൂര്‍ണ്ണമായ ജീവിതം, ഏതാണ്‌ വിജയം വരിച്ച ജീവിതത്തിന്റെ സൂത്രവാക്യം? കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍. ജീവിതം എന്നാല്‍ അറിവുതേടിയുള്ള ഒടുങ്ങാത്തപ്രയാണമാണെന്ന്, രാജാവായി രാജ്യം ഭരിക്കുന്നതിലും മികച്ചതാണ്‌ പുത്തന്‍ അനുഭവങ്ങള്‍ തേടിയുള്ള യാത്രകളെന്ന്. ആരാണ്‌ പറയുന്നത്‌? മാഷോ അതോ കവിയോ?

ഇനിയും മാഷിന്റെ ക്ലാസ്സില്‍ പോകണമെന്നുണ്ട്‌. ഞങ്ങളുടെ സ്ഥിരം ക്ലാസ്സ്‌ ഒഴിവാക്കാനും വയ്യ. ഏതാനും ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഉച്ചതിരിഞ്ഞ്‌ ഞങ്ങള്‍ ലൈബ്രറിയില്‍ ഇരിക്കുമ്പോള്‍, അതാ മുകളിലെ നിലയില്‍നിന്നും കയ്യില്‍ ഒരു കെട്ടു പുസ്തകങ്ങളുമായി ടെറന്‍സ്‌ സാര്‍ ഇറങ്ങി വരുന്നു. ഏതായാലും ഞങ്ങളെ തിരിച്ചറിയില്ല, എത്രയോ പേര്‍ ഉണ്ടായിരുന്ന ക്ലാസ്സായിരുന്നു അത്‌. പക്ഷേ ഞങ്ങളുടെ അടുത്തെത്തിയതും സാര്‍ നിന്നു. പിടിച്ചു, ഉറപ്പ്‌. ഞങ്ങള്‍ എഴുന്നേറ്റു നിന്നു. ചിരിയുടെ ലാഞ്ചന പോലുമില്ലാത്ത മുഖം. എന്താണ്‌ ആ മനസ്സിലെന്ന് ഒരു പിടിയും കിട്ടുന്നില്ല.

"എന്റെ ക്ലാസ്സില്‍ വന്നിരുന്നു അല്ലേ?" - "ഉവ്വ്‌"

മാഷൊന്നും പറയുന്നില്ല, സെക്കന്റുകള്‍ക്ക്‌ ഇത്രയും നീളമോ. എന്താവും മാഷ്‌ പറയുക, ചോദിക്കാതെ ചെന്നതിന്‌ വഴക്കു പറയുമോ? ഒരു സൂചനയുമില്ല. ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്‌.

"അന്ന് എനിക്കു നന്നായി ക്ലാസ്സെടുക്കാന്‍ പറ്റിയില്ല, തയ്യാറെടുക്കാന്‍ നേരം കിട്ടിയിരുന്നില്ല !"
ഈശ്വരാ! ഇതാണോ തയ്യാറെടുപ്പില്ലാത്ത ക്ലാസ്സ്‌, അപ്പോള്‍ തയ്യാറായി വന്നതായിരുന്നെങ്കിലോ?

"ആട്ടേ, നിങ്ങള്‍ക്ക്‌ എന്റെ ക്ലാസ്സില്‍ വരണമെന്നുണ്ടോ ഇനിയും?"

എന്താണു സംശയം, ഇത്‌ എത്ര കേട്ടാലാണു മതിയാവുക, ഇങ്ങനെയൊക്കെ അര്‍ത്ഥതലങ്ങള്‍ ഓരോ കവിതയ്ക്കും ഉണ്ടോ, ജീവിതവും കവിതയും ഇത്രമാത്രം കൂടിച്ചേര്‍ന്നിരിക്കുന്ന ഒന്നാണോ? കേവലം ഒരു മണിക്കൂര്‍ ആ ക്ലാസ്സിലിരുന്നതിന്റെ അദ്ഭുതം മാറിയിട്ടില്ല ഇനിയും.

" ആവട്ടെ, അങ്ങനെയെങ്കില്‍ ഇനി ഞാന്‍ ശനിയാഴ്ചകളില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കാം"

ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങള്‍മൂന്നുപേര്‍ക്കുമാത്രം വേണ്ടി! അങ്ങോട്ടുചോദിക്കുകപോലും ചെയ്യാതെ. എവിടെക്കിട്ടും ഇങ്ങനെ ഒരു അദ്ധ്യാപകനെ?

അതിനുശേഷം അദ്ദേഹം തന്റെ റെഗുലര്‍ ക്ലാസ്സുകളില്‍ പഴയപാഠഭാഗങ്ങള്‍ ആവര്‍ത്തിക്കുകയും ശനിയാഴ്ചകളില്‍ മാത്രം പുതിയ പാഠങ്ങള്‍ എടുക്കുകയും ചെയ്തു.

കോളേജിലെ ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്‌മെന്റിന്റെ തലവനായാണ്‌ അദ്ദേഹം പിരിഞ്ഞത്‌.

കുറെക്കാലത്തിനുശേഷം ഓര്‍ക്കുട്ടില്‍. ദേവഗിരി കോളേജ്‌ കമ്മ്യൂണിറ്റിയിലെ ഒരു കമന്റില്‍ ഇതെക്കുറിച്ച്‌, മാഷിനെക്കുറിച്ച്‌ എഴുതിയത്‌ വായിച്ച്‌ അദ്ദേഹത്തിന്റെ മകള്‍ ഒരു കത്തെഴുതുകയുണ്ടായി. അവരില്‍ നിന്നാണ്‌ അറിഞ്ഞത്‌, മാഷ്‌ റിട്ടയര്‍ ചെയ്ത്‌ പിറ്റേ വര്‍ഷം, 2003-ല്‍ ഈ ലോകത്തോട്‌ വിട പറഞ്ഞെന്ന്.

ഏതാനും ദിവസം, ഏതാനും മണിക്കൂറുകള്‍ മാത്രമേ ആ മഹാനായ അദ്ധ്യാപകന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടുള്ളു. എങ്കിലും ആ ദിവസങ്ങളിലെ ഓര്‍മ്മകള്‍ എന്നും പച്ചപിടിച്ചുനില്‍ക്കുന്നു. ഇന്നും ഓര്‍മ്മയില്‍ മാറാതെ ഓരോ കവിതയും, അദ്ദേഹം പഠിപ്പിച്ചപ്പോള്‍, പറഞ്ഞ വിശദീകരണങ്ങളുമായി നിലകൊള്ളുന്നു. കുറച്ചുദിവസം കൊണ്ടാണെങ്കിലും അദ്ദേഹം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. അനര്‍ഗ്ഗളമായ, ഒരു രത്നഖനിയില്‍നിന്നു പുറപ്പെടുന്ന പ്രകാശപൂരത്തെപ്പോലെ അതു ഞങ്ങളുടെ ജീവിതത്തിലാകെ എന്നും പ്രകാശം പരത്തിക്കൊണ്ടുനില്‍ക്കുന്നു.

Published at Madhurachooral-Mathrubhumi Weekly
Scanned page here